കൊവിഡ് രണ്ടാം തരംഗത്തിനു ശേഷം തുറക്കുമ്പോള്‍ തിയറ്ററിലേക്ക് പ്രേക്ഷകര്‍ എത്തുമോ എന്ന കാര്യത്തില്‍ ചലച്ചിത്ര വ്യവസായത്തിന് ആശങ്കയുണ്ടായിരുന്നു. മലയാളം ബോക്സ് ഓഫീസ് ഇനി കാത്തിരിക്കുന്ന ഒരു വന്‍ റിലീസ് മോഹന്‍ലാലിന്‍റെ 'ആറാട്ട്' ആണ്. എന്നാല്‍ ആറാട്ട് എത്തുമ്പോള്‍ ഒപ്പം ഒരു മമ്മൂട്ടി ചിത്രം കൂടി എത്തിയാലോ? അത്തരത്തില്‍ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ റിലീസ് നീട്ടേണ്ടിവന്ന ചിത്രമാണ് ബി ഉണ്ണികൃഷ്‍ണന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ആറാട്ട്. ഒക്ടോബര്‍ അവസാനമാണ് ചിത്രത്തിന്‍റെ നിലവിലെ റിലീസ് തീയതി പ്രഖ്യാപിച്ചത്. 2022 ഫെബ്രുവരി 10നാണ് ചിത്രം എത്തുന്നത്. 'ബിഗ് ബി'ക്കു ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്‍മ പര്‍വ്വം . ചിത്രത്തിന്‍റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതേക്കുറിച്ചുള്ള ചില പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്ത ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ട്.