സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി. 1.10 ലക്ഷം രൂപയാണ് മോഡലിന്റെ എക്‌സ്‌ഷോറൂം വില. റീഫണ്ടബിൾ ടോക്കൺ തുകയായ 1,947 രൂപയിൽ കമ്പനി തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള ഔദ്യോഗിക ബുക്കിംഗ് വെബ്‌സൈറ്റിൽ ആരംഭിക്കുകയും ചെയ്തു. ഒന്നാം ഘട്ടത്തിൽ പ്രതിവർഷം ഒരു ദശലക്ഷം വാഹനങ്ങളുടെ വാർഷിക ഉൽപാദന ശേഷിയുള്ള തമിഴ്‌നാട്ടിലെ പ്ലാന്റിലാണ് സിമ്പിൾ വൺ ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മിക്കുന്നത്.