രൂപംമാറി കിയ കാർണിവൽ എത്തുന്നു, 2021 മോഡലിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

2020-06-26 590

ഇന്ത്യൻ വിപണിയിൽ തുടക്കക്കാരൻ ആണെങ്കിലും അന്താരാഷ്ട്ര വിപണികളിൽ കിയ കാർണിവൽ എത്താൻ തുടങ്ങിയിട്ട് നിരവധി വർഷങ്ങളായി. അതിനാൽ തന്നെ ഒരു ഉടച്ചുവാർക്കൽ ആഢംബര എംപിവിക്ക് അത്യാവശ്യമാണ്. അതിന്റെ പണി പുരയിലാണ് കൊറിയൻ നിർമാതാക്കൾ. ഇപ്പോൾ പുതുതലമുറ കിയ കാർണിവലിനെ പരിഷ്ക്കരിച്ച് എത്തിക്കാൻ ഒരുങ്ങുകയാണ് കമ്പനി. അതിന്റെ ഭാഗമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ബ്രാൻഡ് ഒരു ടീസർ ചിത്രം പുറത്തിറക്കി. എന്നാൽ ഇപ്പോൾ പുതിയ 2021 കിയ കാർണിവലിന്റെ ആദ്യ ചിത്രങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത് എം‌പിവിയുടെ ബാഹ്യ രൂപകൽപ്പനയെ കുറിച്ചുള്ള പൂർണമായ സൂചന നൽകുന്നു. നിലവിലുള്ള മോഡലിനേക്കാൾ കൂടുതൽ റോഡ് സാന്നിധ്യം കാർണിവലിന് വേണമെന്ന് കിയ ആഗ്രഹിക്കുന്നു. അത് ചിത്രങ്ങളിലേക്ക് ഒന്ന് നോക്കിയാൽ തന്നെ വ്യക്തമാകും. രൂപകൽപ്പനയും സ്റ്റൈലിംഗും കിയയുടെ എസ്‌യുവികളുടെ ശ്രേണിയിൽ നിന്ന് സ്വാധീനം ചെലുത്തുന്നു.