തുടക്ക പതിപ്പ് വിപണിയില്‍ എത്തിയ നാളില്‍ തന്നെ ഹ്യുണ്ടായിക്ക് മികച്ച വിജയം നേടിക്കൊടുത്ത മോഡലാണ് ക്രെറ്റ. എന്നാല്‍ വിപണിയില്‍ പുതുമോടികള്‍ എത്തിയതോടെ ക്രെറ്റയുടെ പ്രഭാവം ഇടിഞ്ഞു. വിട്ടുകൊടുക്കാന്‍ ഹ്യുണ്ടായിയും തയ്യാറായില്ല എന്നുവേണം പറയാന്‍. പുതുതലമുറ ക്രെറ്റയെ ഇറക്കി കളം മാറ്റി ചവിട്ടിരിക്കുകയാണ് കമ്പനി. കമ്പനിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ വിപണിയില്‍ ഹിറ്റായി മാറാന്‍ പുതുതലമുറയ്ക്കും സാധിച്ചു. ഇത് വ്യക്തമാക്കുന്നതാണ് 2020 മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍. മാര്‍ച്ച് മാസത്തിലാണ് ക്രെറ്റയുടെ പുതുതലമുറ വിപണിയില്‍ എത്തുന്നത്. എന്നാല്‍ കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനത്തോടെ തന്നെ രാജ്യത്ത് ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ മാസം ഒരു യൂണിറ്റ് പോലും വിറ്റഴിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചില്ല. എന്നാല്‍ മെയ് പകുതിയോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളോടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ അനുമതി ലഭിക്കുകയും ചെയ്തു.