ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ്. വിപണിയില്‍ എത്തിയ മോഡലുകളെല്ലാം ഹിറ്റായതോടെ പ്ലാന്റിന്റെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വിപണിയില്‍ നിക്ഷേപത്തിനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് 54 മില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 408 കോടി രൂപ) നിക്ഷേപമാണ് കമ്പനി നടത്തുക. കമ്പനിയുടെ ആന്ധ്രപ്രദേശിലെ അനന്തപൂരി പ്ലാന്റിലേക്കാണ് കമ്പനി പുതിയ നിക്ഷേപം നടത്തുക. കൂടുതല്‍ വാഹനങ്ങള്‍ കിയയില്‍ നിന്നും നിരത്തിലെത്താനൊരുങ്ങുകയാണ്. ഇതുകൂടി മുന്നില്‍ കണ്ടാണ് പ്ലാന്റിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി നിക്ഷേപം നടത്തുന്നത്.