ഐപിഎല്ലില്‍ ഒരിക്കൽ പോലും ഒരുമിച്ച് കളിച്ചിട്ടില്ലാത്ത എം എസ് ധോണിയും വിരാട് കോലിയും രോഹിത് ശര്‍മയും ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു. ഐപിഎല്ലിന് മുന്നോടിയായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി നടത്തുന്ന മത്സരത്തിലാകും ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് മത്സരത്തിനിറങ്ങുക. ഐപിഎല്ലില്‍ കളിക്കുന്ന എട്ടു ടീമുകളിലെയും കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ഓള്‍ സ്റ്റാര്‍സ് മത്സരം പദ്ധതിയിട്ടിരിക്കുന്നത്.
ഇതിൽ ദക്ഷിണേന്ത്യയിൽ നിന്നുമുള്ള ഐപിഎൽഫ്രാഞ്ചൈസികളെ ഒരു ടീമായും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളെ മറ്റൊരു ടീമായും തിരിച്ചാകും മത്സരങ്ങൾ സംഘടിപ്പിക്കുക. വടക്കേ ഇന്ത്യയില്‍ നിന്നുള്ള ഫ്രാഞ്ചൈസികളായ കിംഗ്സ് ഇലവന്‍ പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്,രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളിലെ കളിക്കാരെ ഉൾപ്പെടുത്തി ഒരു ടീമും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയൽ ചാലഞ്ചേഴ്സ് ബംഗലൂരു എന്നീ ഫ്രാഞ്ചൈസികളെ ഉൾപ്പെടുത്തി മറ്റൊരു ടീമുമാകും ഏറ്റുമുട്ടുക.
ദക്ഷിണേന്ത്യയില്‍ നിന്നുള്ള ടീമിൽ ധോണിയും കോലിയും രോഹിത്തും വാര്‍ണറും ഒരുമിച്ച് കളിക്കുമെന്നാണ് റിപ്പോർട്ട്. കെ എല്‍ രാഹുല്‍,ഗ്ലെന്‍ മാക്സ്‌വെല്‍,സ്റ്റീവ് സ്മിത്ത്,ബെന്‍ സ്റ്റോക്സ് എന്നിവരടങ്ങിയതാകും രണ്ടാമത് ടീം. ഐപിഎല്ലിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍സ് മത്സരം നടത്താനാണ് ബിസിസിഐ പ്രസിഡന്റായ ഗാംഗുലി ഉൾപ്പടെയുള്ളവർ ശ്രമിക്കുന്നത്. ഐപിഎല്ലിലെ ആദ്യ മത്സരത്തിന് മൂന്ന് ദിവസം മുമ്പായിരിക്കും ഓള്‍ സ്റ്റാര്‍സ് പോരാട്ടം നടക്കുക. എന്നാൽ മത്സരം എവിടെവെച്ചായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല.
#ധോണീ #കോഹ്‌ലി #രോഹിത്