തിരുവനന്തപുരത്ത് നടന്ന രണ്ടാം ടി20യിൽ നേരിടേണ്ടി വന്ന പരാജയത്തിനു പലിശ സഹിതം തിരിച്ച് നൽകുന്ന കാഴ്ചയാണ് ഇന്നലെ മുംബൈയിൽ വെസ്റ്റിൻഡീസിനെതിരെ നടന്ന അവസാന മത്സരത്തിൽ കാണാൻ സാധിച്ചത്. ഇന്ത്യൻ ടീമിലെ പ്രധാന താരങ്ങളായ
രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവർ മത്സരത്തിൽ തകർത്താടിയപ്പോൾ മൂന്ന് പേരുടെയും മികവിൽ 240 എന്ന കൂറ്റൻ സ്കോറാണ് ഇന്ത്യ പടുത്തുയർത്തിത്. എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന ഋഷഭ് പന്തിന് യാതൊരു സംഭാവനയും ചെയ്യാൻ സാധിച്ചില്ല.
മത്സരത്തിലെ 12മത് ഓവറിൽ തകർത്തടിച്ചുകൊണ്ടിരുന്ന രോഹിത് ശർമ്മയെ നഷ്ടപ്പെടുമ്പോൾ 135 റൺസായിരുന്നു ഇന്ത്യ നേടിയിരുന്നത്. പരമ്പരയിലെ അവസാന മത്സരത്തിൽ തകർത്തടിച്ച ശിവം ദുബെയോ ക്യാപ്റ്റനായ കോലിയോ ആയിരിക്കും അടുത്തതായി ഇറങ്ങുക എന്ന പ്രതീക്ഷകൾ തെറ്റിച്ച് പരമ്പരയിൽ മോശം ഫോം തുടരുന്ന പന്തിനെയാണ് ഇന്ത്യൻ ടീം മൂന്നാമനായി ഇറക്കിയത്.
കത്തിക്കയറികൊണ്ടിരുന്ന റൺറേറ്റ് കുറക്കാതെ കാക്കുക ഒപ്പം മികച്ച സ്കോറിലേക്ക് ടീമിനെ എത്തിക്കുക എന്നീ ഭാരിച്ച ഉത്തരവാദിത്തമാണ് ടീം പന്തിനെ ഏൽപ്പിച്ചത്. എന്നാൽ തനിക്ക് ഇനിയും പാകതയെത്തിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു പന്തിന്റെ പ്രകടനം. മത്സരത്തിൽ നിലയുറപ്പിക്കുന്നതിന് മുൻപ് തന്നെ കൂറ്റനടികൾക്ക് ശ്രമിച്ച പന്ത് തിടുക്കപ്പെട്ട് ഷോട്ട് കളിച്ച് വിക്കറ്റ് കളഞ്ഞുകുളിക്കുകയാണ് ചെയ്തത്.
നേരിട്ട രണ്ടാം പന്തിൽ തന്നെ പൊള്ളാർഡിനെ കവറിന് മുകളിലൂടെ പറത്താനായിരുന്നു പന്തിന്റെ ശ്രമം. എന്നാൽ അതിർത്തിക്കരികിൽ നില്ക്കുന്ന ജേസൺ ഹോൾഡറിന്റെ കയ്യിലൊതുങ്ങാനുള്ള ആയുസ്സേ ആ ഷോട്ടിനുണ്ടായിരുന്നുള്ളു. ബംഗ്ലാദേശ് പരമ്പരയിലെ തുടർച്ചയായ മോശം പ്രകടനത്തിന് ശേഷം വിൻഡീസിനെതിരെയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പന്ത് കാഴ്ചവെച്ചത്.