രാജ്യതലസ്ഥാനത്തെ ബസ്സുകളിൽ വനിതകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം മുതിർന്ന പൗരന്മാർക്കു കൂടി ലഭ്യമാക്കിയേക്കും. സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ഉദ്ഘാടന വേളയിലാണു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതു സംബന്ധിച്ച സൂചന നൽകിയത്. വനിതാ ശാക്തീകരണത്തിനും ലിംഗസമത്വം ഉറപ്പാക്കാനും സഹായകമാവുന്ന പദ്ധതിയെന്നാണു സൗജന്യ ബസ് യാത്രയെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. ഇതോടെ ബസ് യാത്രയ്ക്കു പണമില്ലാതെ പെൺകുട്ടികളും യുവതികളുമൊക്കെ സ്കൂൾ, കോളജ് വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഇല്ലാതാവും. വീട്ടിൽ നിന്ന് അകലയെുള്ള വിദ്യാലയങ്ങളിലേക്കു വനിതകൾക്ക് ഇനി സൗജന്യ ബസ് യാത്ര സാധ്യമാവുമെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. അതുപോലെ വീട്ടിൽ നിന്ന് അകലെയുള്ള ഓഫിസുകളിൽ പോയി ജോലി ചെയ്യുന്നവർക്കും പുതിയ പദ്ധതി ഏറെ പ്രയോജനപ്രദമാവും.