ഇന്ത്യയിലെ ആണവ നിലയങ്ങൾ ആക്രമിക്കാൻ ഉപയോഗിച്ച മാൾവെയറിന് പിന്നിൽ കിം ജോങ് ഉന്നിന്റെ ‘ടെക് സേന’യെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആണവ നിലയത്തിന്റെ നെറ്റ്‌വർക്കുകളിലേക്ക് നുഴഞ്ഞുകയറാൻ ഉപയോഗിച്ച ഡിട്രാക്ക് മാൾവെയറിന് പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാരാണെന്ന് ഓൺലൈൻ സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്. ഡിട്രാക്ക് ഉപയോഗിച്ച് വിവിധ ബാങ്കുകളുടെ എടിഎം നെറ്റ്‌വർക്കുകൾ തകർത്ത് കോടികളാണ് ഉത്തര കൊറിയൻ ഹാക്കർമാർ കടത്തിയിരിക്കുന്നത്.രാജ്യത്തെ കോസ്മോസ് ബാങ്കിൽ നിന്ന് സൈബർ ആക്രമണങ്ങളിലൂടെ 13.5 ദശലക്ഷം ഡോളര്‍ (ഏകദേശം 106.12 കോടി രൂപ) ഉത്തര കൊറിയൻ ഹാക്കര്‍മാർ കൊള്ളയടിച്ചെന്ന് ഐക്യരാഷ്ട്രസഭ തന്നെ വെളിപ്പെടുത്തിയിരുന്നു. ബാങ്കിന്റെ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങൾ തകർത്തായിരുന്നു കൊള്ള. ഉത്തര കൊറിയയിൽ നിന്നുള്ള ഹാക്കര്‍ സംഘമാണ് കൃത്യം നടത്തിയതെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിലെ വിദഗ്ധരുടെ പാനൽ പുറത്തുവിട്ട രേഖകളിൽ പറയുന്നു.