സംസ്ഥാനത്തെ ആദ്യ ദുരഭിമാന കൊലയെന്നു കോടതി കണ്ടെത്തിയ കെവിൻ വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷാ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കെവിന്റെ മരണം ദുരഭിമാനക്കൊലയെങ്കിൽ അപൂർവങ്ങളിൽ അപൂർവമെന്ന് കാണേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി.
ശിക്ഷ സംബന്ധിച്ച് അഭിഭാഷകരുടെയും പ്രോസിക്യൂഷന്റെയും വാദം കേട്ട ശേഷമാണ് വിധി പറയല് മാറ്റി വച്ചത്. കേസിൽ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള വാദങ്ങളാണ് പ്രതിഭാഗം ഇന്ന് ഉന്നയിച്ചത്. പ്രതികളുടെ പ്രായവും പശ്ചാത്തലവും പരിഗണിക്കണമെന്നും ഇവർ മുമ്പ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.