ജമ്മുവില്‍ ബി.ജെ.പിയെ വെട്ടാന്‍ മെഹ്ബൂബ മുഫ്തിയുടെ പടയൊരുക്കം

2019-04-11 80

ജമ്മു കാശ്മീരിന്‍റെ ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വനിതയാണ് മെഹബൂബ മുഫ്തി. ബിജെപി പിന്തുണ പിന്‍വലിച്ചതിനാല്‍ രണ്ട് വര്‍ഷത്തോളം മാത്രമേ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞിരുന്നുള്ളുവെങ്കിലും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറില്‍ കക്ഷിയായിരുന്നതിനാല്‍ തന്നെ ശ്രദ്ധേയമായ പല പദ്ധതികളും ഇക്കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കശ്മീരില്‍ സമാധാനം ഒരു പരിധിവരെ തിരികെ കൊണ്ടുവരാനും അവര്‍ക്ക് സാധിച്ചു.

ബിജെപി പിന്തുണ പിന്‍വലിച്ചതോടെ കശ്മീരില്‍ ഇപ്പോള്‍ രാഷ്ട്രപതി ഭരണമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും. ബിജെപി, നാഷണല്‍ കോണ്‍ഫ്രന്‍സ്. കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ പ്രബലമായ ജമ്മു കശ്മീരില്‍ തന്‍റെ പാര്‍ട്ടിയായ പിഡിപിയെ പൊതു തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും വിജയത്തിലെത്തിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പിഡിപി അധ്യക്ഷയാ മെഹബൂബ മുഫ്തിയെന്ന രാഷ്ട്രീയ നേതാവിനുള്ളത്.

1959 ല്‍‌ അക്രാന്‍ നൗപുരയിലാണ് മെഹബൂബ മുഫ്തി ജനിക്കുന്നത്. കശ്മീര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ മെഹബൂബ പിതാവിന്‍റെ പാത പിന്തുടര്‍ന്നാണ് രാഷ്ട്രീയത്തിലെത്തുന്നത്. മെഹബൂബയുടെ പിതാവായ മുഫ്തി മുഹമ്മദ് കശ്മീര്‍ മുഖ്യമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവായിരുന്നു ഇദ്ദേഹം 1999 ലാണ് പാര്‍ട്ടിയുമായി ഇടഞ്ഞ് പിഡിപി രൂപീകരിച്ചത്.

1996 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെബെഹ്ര മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു കൊണ്ടാണ് മെഹബൂബ മുഫ്തി കശ്മീര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാവുന്നത്. 1987 ല്‍ കോണ്‍ഗ്രസ് വിട്ട മുഫ്തി വീണ്ടും പാര്‍ട്ടിയില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു മെഹബൂബയ്ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്.

എന്നാല്‍ പിന്നീട് വീണ്ടും കോണ്‍ഗ്രസിനോട് വിട പറഞ്ഞ മുഫ്തി മുഹമ്മദ് 1999 ല്‍ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിറ്റ് പാര്‍ട്ടി (പിഡിപി) രൂപീകരിക്കുകായായിരുന്നു. പാര്‍ട്ടി രൂപീകരണ ഘട്ടത്തില്‍ മെഹബൂബ മുഫ്തിക്ക് അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഉപാധ്യക്ഷ സ്ഥാനമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. 1999 നിയമസഭാഗത്വം രാജിവെച്ച് ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബുദുള്ളയോട് ദയനീയനമായി പരാജയപ്പെട്ടു. പക്ഷെ പല്‍ഗാം സീറ്റില്‍ നിന്ന് വിജയിച്ച് മെഹബൂബ വീണ്ടും നിയമസഭയിലെത്തി.

പാര്‍ലമെന്‍റ് മോഹം മനസ്സില്‍ കെടാതെ സൂക്ഷിച്ചിരുന്ന മെഹബൂബ 2004 ല്‍ അനന്ത്നാഗ് മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധി തേടി. ഇത്തവണ വന്‍ വിജയം സ്വന്തമാക്കിയ പാര്‍ലെമെന്‍റിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട നേതാവായി വളര്‍ന്നു.2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അനന്ത നാഗ് മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മെഹബൂബ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പിതാവ് മുഫ്തി മുഹമ്മദിന്‍റെ മരണത്തെ തുടര്‍ന്നാണ് 2016 ഏപ്രിലില്‍ കശ്മീരിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നത്. 2015 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതി വന്നപ്പോള്‍ ബിജെപി, പിഡിപിയെ പിന്തുണക്കുകയായിരുന്നു.

2016 ജൂണില്‍ അനന്ത്നാഗ് അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മെഹൂബുബ മുഫ്തി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സഖ്യത്തിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് മെഹൂബ മുഫ്തി മുഖ്യമന്ത്രിയായി ചുമതലേയേറ്റ് രണ്ട് വര്‍ഷം തികയുന്നിന് മുമ്പ് ബിജെപി പിന്തുണ പിന്‍വലിച്ചതിനാല്‍ 2018 ജൂണ്‍ 19 ന് മെഹബൂബ മുഫ്തി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

പിന്നീല്‍ പിഡിപിയെ പിളര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബിജെപി ശ്രമിങ്ങളെ വളരെ സാഹസപ്പെട്ട് പ്രതിരോധിച്ചു പോരുകയാണ് മെഹബൂബ മുഫ്തി. ഇതിനിടയില്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫ്രന്‍സ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഗവര്‍ണ്ണര്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിനാല്‍ ആ നീക്കം വിജയം കണ്ടില്ല.

Videos similaires