ഭൂമിയിലെ സ്വര്‍ഗമെന്ന് അറിയപ്പെടുന്ന അതിര്‍ത്തി സംസ്ഥാനമായ ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായും ശ്രീനഗറില്‍ നിന്നുള്ള പാര്‍ലമെന്റംഗമായുമെല്ലാം ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്ന നേതാവാണ് ഫാറൂഖ് അബ്ദുല്ല. 1982 മുതല്‍ നിരവധി തവണ കശ്മീര്‍ മുഖ്യമന്ത്രിയായ അദ്ദേഹം രണ്ടാം യുപിഎ സര്‍ക്കാരില്‍ പുനരുപയോഗ ഊര്‍ജ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കശ്മീര്‍ മുഖ്യമന്ത്രിയായിരുന്ന ഉമര്‍ അബ്ദുല്ലയുടെ പിതാവ് കൂടിയായ ഫാറൂഖ് അബ്ദുല്ലയുടെ കുടുംബത്തിന് കോണ്‍ഗ്രസുമായി അടുത്ത ബന്ധമാണ്. കാരണം മറ്റൊന്നുമല്ല, അദ്ദേഹത്തിന്റെ മൂന്നാമത്തെ മകള്‍ സാറയെ വിവാഹം ചെയ്തിരിക്കുന്നത് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സച്ചിന്‍ പൈലറ്റാണ് എന്നതുതന്നെ.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ശൈഖ് അബ്ദുല്ലയുടെ മകനാണ് ഫാറൂഖ് അബ്ദുല്ല. ജയ്പൂര്‍ എസ്എംഎസ് മെഡിക്കല്‍കോളജില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ഫാറൂഖ് അബ്ദുല്ലയ്ക്ക് രാജസ്ഥാനുമായുള്ള ബന്ധമാണ് സച്ചിന്‍ പൈലറ്റിനെ മരുമകനായി കിട്ടിയ സംഭവത്തിലേക്ക് നയിച്ചത്.1980ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രീനഗര്‍ മണ്ഡലത്തില്‍ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഫാറൂഖ് അബ്ദുല്ല.
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ല്‍ അധികാരത്തിലെത്തിയ ജനതാ സര്‍ക്കാരില്‍ ഭിന്നത രൂക്ഷമായിരുന്നു. ഇതിന്റെ ഫലമായിട്ടാണ് മൊറാര്‍ജി ദേശായിക്ക് പ്രധാനമന്ത്രി പദം നഷ്ടമായതും ചരണ്‍ സിങ് പ്രധാനമന്ത്രിയായതും. എന്നാല്‍ പാര്‍ലമെന്റില്‍ എത്തുന്നതിന് മുമ്പ് തന്നെ ചരണ്‍ സിങിന് പ്രഖ്യാപിച്ച പിന്തുണ കോണ്‍ഗ്രസ് പിന്‍വലിച്ചതോടെ അദ്ദേഹവും പുറത്തായി. ഇതാണ് 1980ല്‍ തിരഞ്ഞെടുപ്പിലേക്ക് നയിച്ചത്. ശക്തമായ സര്‍ക്കാര്‍ കോണ്‍ഗ്രസിന് മാത്രമേ സാധ്യമാകൂ എന്ന് ജനം കരുതിക്കാണണം... വീണ്ടും കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. ഈ തിരഞ്ഞെടുപ്പിലാണ് ഫാറൂഖ് അബ്ദുല്ല ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പിന്നീട് കശ്മീരില്‍ ഫാറൂഖ് അബ്ദുല്ല യുഗമായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. 1981ല്‍ അദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പിതാവ് ശൈഖ് അബ്ദുല്ല മരിച്ചതോടെ തൊട്ടടുത്ത വര്‍ഷം കശ്മീര്‍ മുഖ്യമന്ത്രിയുമായി. 1984ല്‍ പാര്‍ട്ടിയിലുണ്ടായ ഭിന്നത സര്‍ക്കാര്‍ നിലംപതിക്കുന്നതില്‍ കലാശിച്ചു. അളിയന്‍ ഗുലാം മുഹമ്മദ് ഷായുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം പാര്‍ട്ടി വിട്ടതാണ് തിരിച്ചടിയായത്. കോണ്‍ഗ്രസ് പിന്തുണയോടെ ഷാ കശ്മീര്‍ മുുഖ്യമന്ത്രിയായി. 1984ല്‍ തെക്കന്‍ കശ്മീരിലുണ്ടായ കലാപം ഷാ വീഴുന്നതില്‍ കലാശിച്ചു.
രാജീവ് ഗാന്ധിയും ഫാറൂഖ് അബ്ദുല്ലയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം കോണ്‍ഗ്രസ് പിന്തുണയോടെ ഫാറൂഖ് അബ്ദുല്ല മുഖ്യമന്ത്രിയായി. 1987ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ല-കോണ്‍ഗ്രസ് സഖ്യം അധികാരത്തിലെത്തി. ഇക്കാലത്ത് തന്നെയാണ് കശ്മീരില്‍ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് വ്യാപകമായ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഒടുവില്‍ രാജിവെച്ച ഫാറൂഖ് അബ്ദുല്ല ബ്രിട്ടനിലേക്ക് പോയി. തിരിച്ചെത്തിയ അദ്ദേഹം 1996ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ച് മുഖ്യമന്ത്രിയായി. ഇത്തവണ സര്‍ക്കാര്‍ കാലാവധി തികച്ചു. 1999ല്‍ കോണ്‍ഗ്രസ് ബന്ധം വിട്ട് ബിജെപിക്കൊപ്പം കൂട്ടുകൂടിയ ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍ വാജ്പേയ് നേതൃത്വം നല്‍കിയ എന്‍ഡിഎ സര്‍ക്കാരില്‍ അംഗവുമായി. മകന്‍ ഉമര്‍ അബ്ദുല്ലയ്ക്ക് കേന്ദ്രത്തില്‍ മന്ത്രിപദവി ലഭിച്ചത് ലാഭം.
2002ല്‍ നടന്ന തിരഞ്ഞെടുപ്പ് ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലാണ് നേരിട്ടത്. നാഷണല്‍ കോണ്‍ഫറന്‍സ് പരാജയപ്പെട്ടു. കോണ്‍ഗ്രസ് പിന്തുണയോടെ പിഡിപി നേതാവ് മുഫ്തി മുിഹമ്മദ് സയ്യിദ് മുഖ്യമന്ത്രിയായി. 2002ല്‍ ഫാറൂഖ് അബ്ദുല്ല രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2009ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അദ്ദേഹം രാജ്യസഭാംഗത്വം രാജിവെച്ചു. വിജയിക്കുകയും യുപിഎ സര്‍ക്കാരില്‍ മന്ത്രിയാകുകയും ചെയ്തു. 2014ല്‍ ശ്രീനഗറില്‍ നിന്ന് വീണ്ടും മല്‍സരിച്ചെങ്കിലും പിഡിപി സ്ഥാനാര്‍ഥി താരീഖ് ഹമീദ് കര്‍റയോട് പരാജയപ്പെട്ടു. എന്നാല്‍ 2017ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഫാറൂഖ് അബ്ദുല്ല വിജയിച്ച് ലോക്സഭയില്‍ എത്തുകയും ചെയ്തു.
നിലവില്‍ മോദി സര്‍ക്കാരുമായി അകലം പാലിക്കുകയാണ് ഫാറൂൂഖ് അബ്ദുല്ല. മാത്രമല്ല, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. കേന്ദ്രത്തിനോടുള്ള എതിര്‍പ്പ് കാരണം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കശ്മീരിലെ എല്ലാ പാര്‍ട്ടികളും ബഹിഷ്‌കരിച്ചിരുന്നു. എന്നാല്‍ ലോക്സഭയിലേക്ക് പാര്‍ട്ടി മല്‍സരിക്കുമെന്ന് ഫാറൂഖ് അബ്ദുല്ല പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹം ശ്രീനഗറില്‍ നിന്ന് തന്നെ ജനവിധി തേടാനാണ് സാധ്യത.