പൂവന്‍കോഴിക്ക് ഒന്നര ലക്ഷം രൂപ!

2019-02-10 3

പൂവന്‍കോഴിയെ ഒന്നര ലക്ഷം രൂപ വിലയ്ക്ക് വാങ്ങുവാന്‍ ആളുകള്‍ തയ്യാറായിരുന്നുവെങ്കിലും ഉടമസ്ഥന്‍ അതിനെ വില്‍ക്കുവാന്‍ തയ്യാറായില്ല

പരമ്പരാഗത, അഴകേറിയ കിളിമൂക്ക്, വിശറിവാല്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന പൂവന്‍കോഴികളുടെ പ്രദര്‍ശനത്തില്‍ ഒരുപൂവന്‍ കോഴിക്ക് വാഗ്ദാനം ചെയ്തത് ഒന്നര ലക്ഷം രൂപ.
എന്നിട്ടും ഉടമസ്ഥന്‍ കോഴിയെ വില്‍ക്കുവാന്‍ തയ്യാറായില്ല. ദിണ്ഡികല്‍ ജില്ലയിലെ വടമധുരയയ്ക്ക് സമീപം അയ്യലൂരില്‍ തമിഴ്നാട് അസീല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടന്ന കിളിമൂക്ക്, വിശറിവാല്‍ േകാഴികളുടെ പ്രദര്‍ശനത്തിലാണ് റെക്കോഡ് വില വന്നത്. തമിഴ്നാട്ടില്‍നിന്നും സമീപസംസ്ഥാനങ്ങളില്‍നിന്നും 452 പൂവന്‍കോഴികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കീരി, മയില്‍, കൊക്കുവെള്ള, എണ്ണക്കറുപ്പ്, കാകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള പൂവന്‍കോഴികള്‍ പങ്കെടുത്തു. അന്യംനിന്നുപോകുന്ന പാരമ്പര്യ പൂവന്‍കോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത് എന്ന് സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു.
എട്ട് വര്‍ഷം മുന്‍പുവരെ നല്ല ബ്രീഡിങ് ഇനത്തില്‍പ്പെട്ട പൂവന്‍കോഴികള്‍ ഉണ്ടായിരുന്നു. ഇന്ന് ഇതെല്ലാം അന്യമായി കൊണ്ടിരിക്കുകയാണ്.
ഇവ സംരക്ഷിക്കുന്നതിനായി അയ്യല്ലൂരില്‍ രണ്ടാം വര്‍ഷമാണ് പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്.
നൃത്തം ഗാന്ധി എന്നയാളുടെ മയില്‍ വിഭാഗത്തില്‍പ്പെടുന്ന പൂവന്‍കോഴിയെ ഒന്നര ലക്ഷം രൂപ വിലയ്ക്ക് വാങ്ങുവാന്‍ ആളുകള്‍ തയ്യാറായിരുന്നുവെങ്കിലും ഉടമസ്ഥന്‍ അതിനെ വില്‍ക്കുവാന്‍ തയ്യാറായില്ല. കോമപ്പെട്ടി ചിന്നപ്പന്‍ എന്നയാളില്‍നിന്നും മാസങ്ങള്‍ക്ക് മുന്‍പ് 90,000 രൂപ വിലയ്ക്ക് നൃത്തം ഗാന്ധി വാങ്ങിയ പൂവന്‍കോഴിക്കാണ് ഒന്നരലക്ഷം രൂപ വില വന്നത്. കഴിഞ്ഞ വര്‍ഷം നടന്ന പ്രദര്‍ശനത്തില്‍ 1.50 ലക്ഷം രൂപയ്ക്ക് ബെംഗളൂരു സ്വദേശി വാങ്ങിയ മയില്‍ ഇനത്തില്‍പ്പെട്ട കോഴി മൂന്നുലക്ഷം രൂപയ്ക്ക് ഒമാന്‍ സ്വദേശിക്ക് മറിച്ചുവിറ്റു. ഇത്തവണ 20000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ പല കിളിമൂക്ക് പൂവന്‍കോഴികള്‍ക്കും വില വന്നു.മികച്ച പൂവന്‍കോഴികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, വെള്ളിനാണയങ്ങള്‍ സമ്മാനമായി ലഭിച്ചു. കോഴികളുമായി പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
കേരള, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുമാണ് ഇത്തവണ കോഴികള്‍ പ്രദര്‍ശനത്തിനായി എത്തിയത്.

Videos similaires