ഫെയ്‌സ്ബുക് ഷെയറുകള്‍ കുതിച്ചു കയറിയപ്പോള്‍ ഒറ്റ ദിവസം സക്കര്‍ബര്‍ഗിന് ലഭിച്ചത് 6.2 ബില്ല്യന്‍ ഡോളറാണ്
ഫെയ്‌സ്ബുക്കിന്റെ 15 വർഷം; ട്രംപിനെയും മോദിയെയും അധികാരത്തിലേറ്റിയെന്ന് ആരോപണം
2004ല്‍ ഫെയ്‌സ്ബുക് തുടങ്ങി. ആ വര്‍ഷം കമ്പനിയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിനെ അദ്ദേഹം പഠിച്ചിരുന്ന ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പുറത്താക്കാന്‍ സാധ്യതയുണ്ടായിരുന്നു. തന്റെ കമ്പനിയുടെ പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന 2019ല്‍ സക്കര്‍ബര്‍ഗ് ഭയക്കുന്നത് വിവിധ രാജ്യങ്ങളിലെ സർക്കാരുകളെയാണ്. തന്റെ കൂറ്റന്‍ കമ്പനിയെ വിഭജിക്കാന്‍ സർക്കാരുകള്‍ ശ്രമിക്കുമോ എന്നാണ് അദ്ദേഹത്തിന്റെ ഭീതി. പക്ഷേ, അതല്ലെങ്കില്‍ സക്കര്‍ബര്‍ഗ് അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഫെയ്‌സ്ബുക് ഷെയറുകള്‍ കുതിച്ചു കയറിയപ്പോള്‍ അദ്ദേഹത്തിന് ഒറ്റ ദിവസം ലഭിച്ചത് 6.2 ബില്ല്യന്‍ ഡോളറാണ്. ഇതാകട്ടെ അദ്ദേഹത്തെ ലോകത്തെ അഞ്ചാമത്തെ വലിയ ധനികനായി അവരോധിക്കുകയും ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 34 കാരനായ സക്കര്‍ബര്‍ഗിനു ലഭിച്ചത് 65.6 ബില്ല്യന്‍ ഡോളറാണ്.
പതിനഞ്ചു വര്‍ഷത്തിനിടെ ഫെയ്‌സ്ബുക് അധികാരത്തിന്റെയും ധനത്തിന്റെയും കാര്യത്തില്‍ ഒരു വന്‍ശക്തിയായി തീര്‍ന്നിരിക്കുകയാണ് എന്നാണ് കമ്പനിക്കെതിരെ ഉയരുന്ന ആരോപണം.
രാജ്യങ്ങളില്‍ ആരു ഭരിക്കണമെന്നു വരെ തീരുമാനിക്കാനുള്ള കരുത്താര്‍ജ്ജിച്ച കമ്പനിയാണിതെന്ന് ചിലര്‍ പറയുന്നു. ഉപയോക്താക്കളുടെ ചലനങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്നുവെന്നും അവരുടെ അഭിപ്രായ രൂപികരണത്തെ സ്വാധീനിക്കാനാകുന്നുവെന്നും മറ്റുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിര്‍മാണത്തിലും മുന്‍പന്തിയിലുണ്ടു കമ്പനി. ഫെയ്‌സ്ബുക്കിനെ കുറിച്ച് ഇതാ ചില കാര്യങ്ങള്‍.പരമ്പരാഗത ബിസിനസുകാരെ നാണംകെടുത്തിയാണ് ഇന്റര്‍നെറ്റ് കമ്പനികളായ ഗൂഗിളും ഫെയ്‌സ്ബുക്കും വളര്‍ന്നു പന്തലിച്ചത്. ഫെയ്‌സ്ബുക്കിന്റെ ഇന്നത്തെ ശക്തി നോക്കാം: 2.3 ബില്ല്യന്‍ ഉപയോക്താക്കള്‍; നൂറിലേറെ ഭാഷകളില്‍ ലഭ്യമാക്കിയിരിക്കുന്നു. 2018ന്റെ അവസാനത്തെ നാലു മാസത്തില്‍ മാത്രം ഏകദേശം 17 ബില്ല്യന്‍ ഡോളര്‍ വരുമാനം. 2018ല്‍ മൊത്തത്തില്‍ ഏകദേശം 59 ബില്ല്യന്‍ ഡോളര്‍ വരുമാനം. ഇതില്‍ ലാഭം മാത്രം 22 ബില്ല്യന്‍. 2019 ജനുവരിയിലെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ 484 ബില്ല്യന്‍ ഡോളര്‍. ഇതെല്ലാം കേവലം 15 വര്‍ഷം കൊണ്ട് നേടിയതാണ്!
കാശു കൂടാതെയാണ് ലോകത്തിനു മേല്‍ ഫെയ്‌സ്ബുക്കിനുളള ശക്തി.
കമ്പനിയുടെ ശക്തി വര്‍ധിപ്പിക്കാനായി ലോകമെമ്പാടും ലോബിയിസ്റ്റുകളെയും വിരമിച്ച രാഷ്ട്രീയക്കരെയും മുന്‍ പത്രപ്രവര്‍ത്തകരെയും ജോലിക്കെടുക്കുന്നു. ദി ഗാര്‍ഡിയനില്‍ ശിവാ വൈദ്യനാഥന്‍ (Siva Vaidhyanathan) സക്കര്‍ബര്‍ഗിന്റെ ഒരു ഫെയ്‌സ്ബുക് പോസ്റ്റിന് മറുപടിയായി എഴുതിയ ലേഖനത്തില്‍ അതിശക്തമായ ആരോപണമാണ് ഉന്നയിക്കുന്നത്. 'താങ്കളുടെ സ്റ്റാഫ് ദേശീയവാദി നേതാക്കളായ ഡോണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദി, റൊഡ്രീഗോ ഡ്യൂട്ടര്‍ട്ട് എന്നിവരെ അധികാരത്തിലേറ്റാന്‍ സഹായിച്ചു,' എന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ന് ലോകത്തെ ഏതു നഗരത്തില്‍ കൂടെ നടന്നാലും നിങ്ങള്‍ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് എന്നിങ്ങനെ സക്കര്‍ബര്‍ഗിന്റെ കമ്പനികളുടെ പേര് ഉച്ചരിക്കുന്നത് കേള്‍ക്കാം. ലോകത്ത് അത്രയധികം വ്യാപിക്കപ്പെട്ടിരിക്കുകയാണ് ഫെയ്‌സ്ബുക് കുടുംബത്തിലെ കമ്പനികള്‍.
∙ ഒരു മാസം കമ്പനിക്കുള്ള ഉപയോക്താക്കള്‍ 2.32 ബില്ല്യന്‍,
ലോകത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 3.9 ബില്ല്യനാണ് എന്നോര്‍ത്താല്‍ ഫെയ്‌സ്ബുക്കിന്റെ വലുപ്പം മനസ്സിലാകും. ഫെയ്‌സ്ബുക് ഉപയോഗിക്കാത്തവരും കമ്പനിയുടെ കീഴിലുള്ള മറ്റേതെങ്കിലും സര്‍വീസ് ഉപയോഗിക്കുന്നുണ്ടാകാം.
ഒരു ദിവസത്തെ ഉപയോക്താക്കള്‍ ഏകദേശം 1.5 ബില്ല്യന്‍,
ഫെയ്‌സബുക് 1 ബില്ല്യന്‍ ഉപയോക്താക്കള്‍ തികച്ച വര്‍ഷം 2012
കേംബ്രിജ് അനലിറ്റിക്കാ വിവാദത്തില്‍ തുറന്നു കാട്ടപ്പെട്ടവര്‍ 87 ദശലക്ഷം
ജീവനക്കാരുടെ എണ്ണം (2018): 35,587
2004 ഉണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം ഏകദേശം 7 പേര്‍
ആദ്യ ഐഫോണ്‍ ആപ് ഇറക്കിയത് 2008
ഇന്‍സ്റ്റഗ്രാം വാങ്ങിയ വര്‍ഷം 2012, വാങ്ങാന്‍ ചിലവഴിച്ച തുക1 ബില്ല്യന്‍ ഡോളര്‍
വാട്‌സാപ് വാങ്ങിയ വര്‍ഷം 2013
വാങ്ങാന്‍ ചിലവഴിച്ച തുക 19 ബില്ല്യന്‍
അമേരിക്കയില്‍ ലോബിയിങ്ങിനായി ചിലവഴിച്ച തുക (2018): 12.6 മില്ല്യന്‍
2010ല്‍ ലോബിയിങ്ങിനു ചെലിവഴിച്ച തുക 259,507 ഡോളര്‍
ഷെയര്‍ ഇറക്കിയ വര്‍ഷം 2012
ഷെയറിന് ഇറക്കിയ സമയത്തെ വില--38 ഡോളർ, ഏറ്റവും കുറഞ്ഞ വില 17.55 ഡോളര്‍, ഏറ്റവും കൂടിയ വില 218.62 ഡോളര്‍
സക്കര്‍ബര്‍ഗിന്റെ കഴിഞ്ഞ ആഴ്ചത്തെ മൊത്തം ആസ്തി 62.4 ബില്ല്യന്‍ ഡോളര്‍ ( കുവൈറ്റിന്റെ ജിഡിപി120 ബില്ല്യന്‍ ഡോളര്‍)
സക്കര്‍ബര്‍ഗിനുള്ള ഫെയ്‌സ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം 119 മില്ല്യന്‍