പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍
പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്.ബി.ഐ ആക്രമിച്ച കേസ് ഒതുക്കിത്തീര്‍ക്കാന്‍ രാഷ്ട്രീയ ഇടപെടല്‍. നഷ്ടപരിഹാരം നല്‍കി ബാങ്കിനെ കൊണ്ട് കേസ് പിന്‍വലിപ്പിക്കാനാണ് നീക്കം. ഡിവൈഎഫ്ഐ നേതാവ് മുഖേനയാണ് ബാങ്കിനെ സമീപിച്ചത്. പ്രതികളുടെ സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമെന്നതിനാല്‍ കേസ് പിന്‍വലിക്കണമെന്നാണ് അപേക്ഷ. നീക്കത്തോട് ബാങ്ക് അനുകൂലനിലപാട് സ്വീകരിച്ചിട്ടില്ല.
ധാരണയാകുംവരെ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നു.
കീഴടങ്ങിയ രണ്ടുപേരൊഴികെ കേസിലെ മറ്റു പ്രതികളെ പിടികൂടാനുള്ള ശ്രമവും നടക്കുന്നില്ല. അതിനിടെ ബാങ്ക് ആക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ എടുക്കാനുള്ള സാധ്യതയും തെളിഞ്ഞു. ബാങ്കിലെ വനിതാ ജീവനക്കാര്‍ പ്രതികള്‍ അസഭ്യം പറഞ്ഞ് അപമാനിച്ചെന്ന് കാണിച്ച് റീജിയനല്‍ മാനേജര്‍ക്ക് പരാതി നല്‍കി. പരാതി പൊലീസിന് കൈമാറിയേക്കും. ബാങ്ക് ആക്രമിച്ച കേസിൽ രണ്ട് സർക്കാർ ഉദ്യോഗസ്ഥർ റിമാൻഡിലാണ് . ജില്ലാ ട്രഷറി ഓഫീസിലെ ക്ലാർക്കും എൻ.ജി.ഒ. യൂണിയൻ ഏരിയാ സെക്രട്ടറിയുമായ അശോകൻ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റൻഡറും എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാൽ എന്നിവരെയാണ് റിമാൻഡ് ചെയ്തത്.