ഓസീസ് മണ്ണില്‍ ചരിത്രമെഴുതി ടീം ഇന്ത്യ

2019-01-07 0

ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി

ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ.
മഴമൂലം സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടസം നിന്നത്.ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.
നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്.

നാലാം ദിവസത്തെ കളിയും മഴ തടസപ്പെടുത്തിയിരുന്നു.

ഫോളോ ഓണ്‍ ചെയ്യുന്ന ഓസീസ് നാലാം ദിവസം വെളിച്ചക്കുറവു മൂലം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ആറു റണ്‍സെന്ന നിലയിലായിരുന്നു. നാലാം ദിനം വെറും 25.2 ഓവറുകള്‍ മാത്രമാണ് കളി നടന്നത്.
അതേസമയം 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ വഴങ്ങുന്നത്. 1988-ല്‍ ഇംഗ്ലണ്ടിനോട് ഫോളോ ഓണ്‍ ചെയ്യേണ്ടി വന്നതിനു പിന്നാലെ മുപ്പതു വര്‍ഷക്കാലത്തെ ടെസ്റ്റ് ചരിത്രത്തില്‍ ഓസീസ് നാട്ടില്‍ ഫോളോ ഓണ്‍ ചെയ്തിട്ടില്ല. നേരത്തെ മെല്‍ബണില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ അവസരം ലഭിച്ചെങ്കിലും വിരാട് കോലി രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
ഒന്നാം ഇന്നിങ്സില്‍ ഓസീസിനെ 300 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 322 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ചൈനാമാന്‍ കുല്‍ദീപ് യാദവാണ് ഓസീസിനെ തകര്‍ത്തത്. മഴ മൂലം നാലാം ദിനത്തിലെ ആദ്യ സെഷന്‍ മുഴുവന്‍ നഷ്ടമായിരുന്നു. തുടര്‍ന്ന് മത്സരം ആരംഭിച്ചതിനു പിന്നാലെ തലേന്നത്തെ അതേ സ്‌കോറില്‍ ഓസീസിന് പാറ്റ് കമ്മിന്‍സിന്റെ വിക്കറ്റ് (25) നഷ്ടമായി. ഷമി, കമ്മിന്‍സിന്റെ കുറ്റി തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ഉറച്ചു നിന്ന പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ബുംറ മടക്കി.

111 പന്തുകള്‍ നേരിട്ട് 37 റണ്‍സെടുത്താണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയ നഥാന്‍ ലിയോണ് അഞ്ചു പന്തുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. അക്കൗണ്ട് തുറക്കും മുന്‍പ് ലിയോണിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു.
258 റണ്‍സില്‍ വെച്ച് അവസാന വിക്കറ്റില്‍ ഒത്തുചേര്‍ന്ന മിച്ചര്‍ സ്റ്റാര്‍ക്ക് - ഹേസല്‍വുഡ് സഖ്യം 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഹേസല്‍വുഡ് അക്കൗണ്ട് തുറക്കും മുന്‍പേ നല്‍കിയ ക്യാച്ച് ഹനുമ വിഹാരി വിട്ടുകളയുകയായിരുന്നു. ഒടുവില്‍ 45 പന്തുകള്‍ നേരിട്ട് 21 റണ്‍സെടുത്ത ഹേസല്‍വുഡിനെ കുല്‍ദീപ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 55 പന്തില്‍ നിന്ന് 29 റണ്‍സുമായി സ്റ്റാര്‍ക്ക് പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഷമിയും ജഡേജയും രണ്ടു വിക്കറ്റ് നേടി. ബുംറ ഒരു വിക്കറ്റെടുത്തു.

സിഡ്‌നിയില്‍ ശനിയാഴ്ച ചുഴലിക്കാറ്റും മഴയും ഉണ്ടായിരുന്നു.

നേരത്തെ മൂന്നാം ദിനം 80 ഓവറുകള്‍ക്കു ശേഷം രണ്ടാം ന്യൂബോള്‍ എടുക്കാന്‍ നായകന്‍ വിരാട് കോലി തീരുമാനിച്ചെങ്കിലും അതിനോടകം വെളിച്ചം മങ്ങിത്തുടങ്ങിയത് ഇന്ത്യയ്ക്കു തിരിച്ചടിയായി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന നിലയിലായിരുന്നു ഓസീസ്. വെളിച്ചകുറവ് മൂലം കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. നാലാം ദിവസം കളി ഒരു മണിക്കൂര്‍ നേരത്തേ തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും കാലാവസ്ഥ വീണ്ടും വില്ലനായി.
ഒരു വിക്കറ്റിന് 128 റണ്‍സില്‍ നിന്ന് ആറിന് 198 എന്ന നിലയിലേക്കു വീണ ഓസീസ് ഹാന്‍ഡ്സ്‌കോമ്പിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ചെറുത്തുനില്‍പ്പിലൂടെ മൂന്നാം ദിനം അതിജീവിക്കുകയായിരുന്നു.മാര്‍ക്കസ് ഹാരിസ് (79), ഉസ്മാന്‍ ഖ്വാജ (27), ലബുഷെയ്ന്‍ (38), ഷോണ്‍ മാര്‍ഷ് (8), ട്രാവിസ് ഹെഡ് (20), ടിം പെയ്ന്‍ (5) എന്നിവരുടെ വിക്കറ്റുകളാണ് മൂന്നാം ദിനം ഓസ്ട്രേലിയക്ക് നഷ്ടമായത്.നേരത്തെ ചേതേശ്വര്‍ പൂജാരയുടേയും ഋഷഭ് പന്തിന്റേയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ഏഴു വിക്കറ്റിന് 622 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു.

193 റണ്‍സിന് പൂജാര പുറത്തായതിന് പിന്നാലെ ഋഷഭ് ഡ്രൈവിങ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. 189 പന്തില്‍ 15 ഫോറും ഒരു സിക്സുമടക്കം ഋഷഭ് 159 റണ്‍സടിച്ചു. പൂജാരയുമായി 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഋഷഭ് ജഡേജയോടൊപ്പം 204 റണ്‍സ് ഇന്ത്യന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു. ഋഷഭിന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറി ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡും ഋഷഭ് സ്വന്തം പേരില്‍ കുറിച്ചു. നേരത്തെ ഇരട്ട സെഞ്ചുറിക്ക് ഏഴ് റണ്‍സ് അരികെ വെച്ചാണ് പൂജാര പുറത്തായത്. 373 പന്തില്‍ 22 ഫോറിന്റെ അകമ്പടിയോടെ ബാറ്റേന്തിയ പൂജാരയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ടു മിനിറ്റും ക്രീസില്‍ ചിലവഴിച്ചായിരുന്നു പൂജാരയുടെ മനോഹര ഇന്നിങ്സ്. പൂജാര പുറത്തായ ശേഷം ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഋഷഭിന് മികച്ച പിന്തുണ നല്‍കി. 81 റണ്‍സടിച്ച ജഡേജയെ ലിയോണ്‍ പുറത്താക്കിയതിന് പിന്നാലെ വിരാട് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.