സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. ഹർത്താലുകളുടെ മറവിൽ കേരളത്തിൽ നിരന്തരം സംഘർഷങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ഇതിനെ തടയാൻ സംസ്ഥാന സർക്കാർ എന്ത് നടപടിയെടുത്തു എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. കേരളത്തിൽ കഴിഞ്ഞ വർഷം 97 ഹർത്താലുകൾ നടന്നു എന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണെന്നും കോടതി പറഞ്ഞു. ഹർത്താലുകൾ ഉണ്ടാകുമ്പോൾ കടകൾക്ക് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾക്ക് വേണ്ടി ബിജു രമേശ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്.ഹർത്താലുകൾ ഗുരുതര പ്രശ്നമാണെന്നും ഹൈക്കോടതി പറഞ്ഞു. ഹർത്താലുകൾക്കെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലെയെന്നും ഹൈക്കോടതി സംസ്ഥാന സർക്കാറിനോട് ചോദിച്ചു.