ഒരുവര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം തികച്ച് രാഹുല്‍
കോണ്‍ഗ്രസിന്റെ അതിജീവനമല്ല പുനരുദ്ധാരണമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍
നേട്ടമായി ഹിന്ദി ഹൃദയഭൂമിയിലെ വിജയത്തിനൊപ്പം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിട്ട് ഒരു വര്‍ഷം പൂർത്തിയാക്കുകയാണ്.
തുടക്കകാലത്ത് നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു രാഹുലെങ്കില്‍ ഇപ്പോള്‍ ചിത്രം മാറിക്കഴിഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്നത്ര നിര്‍ണായകമായ നിയമസഭാ തിരഞ്ഞെടുപ്പികളില്‍ പാര്‍ട്ടിയ നയിച്ച് മികച്ച വിജയം പാര്‍ട്ടിക്ക് നേടിക്കൊടുത്ത രാഹുലിന് ഈ വാര്‍ഷിക ദിനം അഭിമാനത്തിന്റേത് കൂടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് പുറമെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്ന ഏറെ ശ്രമകരമായ ദൗത്യവും പരാതികളില്ലാതെ പൂര്‍ത്തീകരിച്ച സന്തോഷത്തിലാണ് രാഹുല്‍.
ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്കുശേഷം കോണ്‍ഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ന്ന രാഷ്ട്രീയ സാഹചര്യത്തില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് എത്തുമ്പോള്‍ കോണ്‍ഗ്രസിന്റെ അതിജീവനമല്ല പുനരുദ്ധാരണമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയാണ് രാഹുല്‍.
സോണിയാ ഗാന്ധിയില്‍ നിന്ന് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് ശേഷം രാഹുല്‍ നേടിയ ആദ്യ വിജയം 2018 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളിലായിരുന്നു.
ബി.ജെ.പി വിജയിച്ചിരുന്ന ആല്‍വാര്‍, അജ്മേര്‍ ലോക്സഭാ മണ്ഡലങ്ങളിലെ വിജയത്തിലൂടെ തന്നെ എഴുതിത്തള്ളാനാകില്ലെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. എന്നാല്‍, പിന്നീട് നടന്ന മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ രാഹുലിന് കഴിഞ്ഞില്ല. എന്നാല്‍, ആ ക്ഷീണം രാഹുല്‍ തീര്‍ത്തത് കര്‍ണാടക തിരഞ്ഞെടുപ്പിലായിരുന്നു.
കര്‍ണാടകയില്‍ 80 സീറ്റ് നേടിയ കോണ്‍ഗ്രസ് 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ മറികടന്ന് ജെ.ഡി.എസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചു. തുടര്‍ന്ന് രാഹുല്‍ പ്രധാന്യം കൊടുത്തത് കോണ്‍ഗ്രസിന്റെ ഹിന്ദു വിരുദ്ധ പാര്‍ട്ടി എന്ന പേര് മാറ്റുന്നതിനായിരുന്നു. ഇതിനായി രാജ്യത്തെ അമ്പലങ്ങളില്‍ നിന്ന് അമ്പലങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്തു. രാഹുലിന്റെ കൈലാസ യാത്ര വാര്‍ത്താ പ്രാധാന്യം നേടി. സാമൂഹ്യ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യവും രാഹുല്‍ തിരിച്ചറിഞ്ഞിരുന്നു.
ട്വിറ്ററിലും ഫെയ്സ്ബുക്കിലും ബി.ജെ.പിയ്ക്ക് ഉണ്ടായിരുന്ന മൃഗീയ ആധിപത്യത്തെ ഒരു പരിധി വരം നേരിടാന്‍ കോണ്‍ഗ്രസിന്റെ പുതിയ നീക്കത്തിന് കഴിഞ്ഞു. ഇപ്പോള്‍ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലെ വിജയവും. ഈ വിജയം കോണ്‍ഗ്രസിനും രാഹുലിനും നല്‍കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക സാഹചര്യങ്ങള്‍ വിലയിരുത്തി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും കഴിവുള്ള നേതാക്കന്മാരെ നേതൃത്വം ഏല്‍പ്പിക്കുന്നതിലും രാഹുല്‍ പൂര്‍ണമായും വിജയിച്ചു.