യേശു പുനരവതരിക്കുന്ന സോളമൻറെ ക്ഷേത്രം
ഇന്ത്യയിലെ തന്നെ വലിയ ദേവാലയങ്ങളിലൊന്നായാണ് സോളമന്‍റെ ക്ഷേത്രം അറിയപ്പെടുന്നത്
മിസോറാമിലെ ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമായ സോളമന്റെ ക്ഷേത്രത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. ബൈബിളിലെ വിശ്വാസമനുസരിച്ച് ജറുസലേമിലെ സോളമന്റെ ദേവാലയത്തിന്റെ തുടർച്ചയായാണ് ഇതു നിർമ്മിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. വടക്കു കിഴക്കൻ ഇന്ത്യയിലെ മിസറാമിലെ ഐസ്വാളിലാണ് ഇവിടുത്തെ ഏറ്റവും വലിയ ദേവാലയമായ സേളമന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മിസോറാമിലെ കൊഹ്റാൻ തിയാങ്കിലിം എന്നു പേരായ ക്രിസ്തീയ വിഭാഗക്കാരുടേതാണ് ഈ ദേവാലയം. സഭാ സ്ഥാപകനായ ഡോ. എൽ. ബി. സാലിയോയ്ക്ക് സ്വപ്നനത്തില്‍ ലഭിച്ച വെളിപ്പെടുത്തലിൽ നിന്നാണ് സോളമന്റെ ദേവാലയം എന്ന ആശയം ലഭിക്കുന്നത്. "ദൈവം സ്വപ്നത്തിൽ സേളമന്ഡറെ ക്ഷേത്രം എനിക്കു കാണിച്ചു തന്നു. അതിനു മുൻപ് ഒരിക്കലും അങ്ങനെ ഒരു ദേവാലയത്തെപ്പറ്റി ഞാൻ ചിന്തിച്ചിരുന്നില്ല. അതിന്റെ നിർമ്മാണത്തെക്കുറിച്ചോ ഒന്നും ഇല്ലായിരുന്നു. എന്നാൽ അത് ഞാൻ സ്വപ്നത്തിൽ കണ്ടു. എണീറ്റ ഉടനേ ഞാൻ സ്വപ്നത്തിൽ കണ്ട ആ ക്ഷേത്രത്തെക്കുറിച്ച് എഴുതി."ഇങ്ങനെയാണ് അദ്ദേഹം ആ സ്വപ്നത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
1996 ലാണ് സ്വപ്നത്തിലെ നിർദ്ദേശം അനുസരിച്ച് ദേവാലയത്തിന്റെ നിർമ്മിതിക്ക് തുടക്കം കുറിക്കുന്നത്.
96 ൽ തറക്കല്ലിട്ടെങ്കിലും 97 ലാണ് നിർമ്മാണം തുടങ്ങുന്നത്. ഏകദേശം 20 വർഷത്തോളമായിരുന്നു ഇത് പൂർത്തിയാക്കുവാനെടുത്തത്. പഴയ നിയമത്തിലെ ജറുസലേമിലെ സോളമന്റെ ക്ഷേത്രത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചുറ്റോടു ചുറ്റും കാടുകൾ നിറഞ്ഞു കിടക്കുന്ന ഇവിടം അതിമനോഹരമായ ഒരു പ്രദേശം കൂടിയാണ്. മൂന്നു മില്യൺ യുഎസ് ഡോളറാണ് ഇതിന്റെ നിർമ്മാണത്തിന് ചിലവായത് എന്നാണ് കരുതുന്നത്.
മിസോറാമിലെ എന്നല്ല, ഇന്ത്യയിലെ തന്നെ വലിയ ദേവാലയങ്ങളിലൊന്നായാണ് സോളമന്‍റെ ക്ഷേത്രം അറിയപ്പെടുന്നത്.
ദേവാലയത്തിനുള്ളിൽ രണ്ടായിരം ആളുകൾക്കും അതിനു പുറത്ത് ഏകദേശം പതിനായിരത്തോളം ആളുകൾക്കും ഇരിക്കാവുന്ന രീതിയിലുള്ള നിർമ്മാണമാണ് ഇതിന്റേത്. സോളമൻ ക്ഷേത്രത്തിൻറെ പോർച്ച് എന്നാണ് മുറ്റം ഉൾപ്പെടുന്ന ദേവാലയത്തിന്റെ ഭാഗം അറിയപ്പെടുന്നത്.
നാലുദിക്കുകളിലായി ഒന്നിന് മൂന്ന് വാതിലുകൾ എന്ന നിലയിൽ 12 കവാടങ്ങളാണ് ഈ ദേവാലയത്തിനുള്ളത്. അതു കൂടാതെ നാലു പ്രധാന ദിശകളിലേക്കും ദർശനം നല്കുന്ന രീതിയിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കൂടാതെ എല്ലായിടത്തും നീളം കൂടിയ തൂണുകളും കാണാം.
വെളിപാടിൻറെ പുസ്തകത്തിലെ ഏഴു ദേവാലയങ്ങളെ സൂചിപ്പിക്കാനായി ദാവീദിന്റെ ഏഴു നക്ഷത്രങ്ങളെയും ഇവിടെ കാണാൻ കഴിയും.
പൂര്‍ണമായും മാര്‍ബിളില്‍ തീര്‍ത്ത 3025 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള മാര്‍ബിളില്‍ തീര്‍ത്ത ക്ഷേത്രത്തിന് വേറേയെും പ്രത്യേകതകളുണ്ട്. ൃ മനുഷ്യജീവിതത്തിന്റെ നാല് അവസ്ഥകളായ മോക്ഷം, നീതി, ജീവിതം, അതിജയിക്കല്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന നാല് തൂണുകളാണ് ക്ഷേത്രത്തിനുള്ളത്. ഇതിന് മുകളിലാണ് ദാവീദിന്റെ ഏഴ് നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്,
എന്തുകൊണ്ടാണ് ഈ ദേവാലയം നിർമ്മിക്കുവാൻ മിസേറാം തിരഞ്ഞെടുത്തത് എന്ന ചോദ്യത്തിനും ഹോളി ചർച്ച് സഭക്കാർക്ക് ഉത്തരമുണ്ട്. ബൈബിളില്‍ പറയുന്ന പ്രകാരം യേശുക്രിസ്തു പുനരവതരിക്കുന്ന ‘സിറ്റി ഓഫ് ഈസ്റ്റ്' മിസോറാം ആണെന്നാണ് ഇവർ വിശ്വാസിക്കുന്നത്.
അതുകൊണ്ടാണത്രെ സോളമന്റെ ദേവാലയം മിസോറാമിൽ തന്നെ നിർമ്മിച്ചത്.