വിട്ടൊഴിയാതെ വിവാദങ്ങളുമായി മന്ത്രി കെ.ടി ജലീൽ
അപേക്ഷ പോലും ക്ഷണിക്കാതെയാണ് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായിട്ടുള്ള യുവതിയെ നിയമിച്ചത്
സംസ്ഥാന ഹജ് ഹൗസില്‍ വിവാദ നിയമനത്തിന് പിന്നില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലാണെന്ന ആരോപണവുമായി മുന്‍ ഹജ് കമ്മിറ്റി അംഗം രംഗത്ത്.നിയമനം ചോദ്യം ചെയ്തപ്പോള്‍ മന്ത്രിയുടെ താല്‍പര്യപ്രകാരമാണ് നടപടിയെന്ന മറുപടിയാണ് എക്സിക്യൂട്ടീവ് ഓഫീസറായ മലപ്പുറം ജില്ലാ കലക്ടര്‍ അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ലഭിച്ചതെന്ന് മുന്‍ ഹജ് കമ്മിറ്റി അംഗം എ.കെ അബ്ദുറഹ്മാന്‍ ആരോപിച്ചു. ജില്ലാ കലക്ടറാണ് നിയമനം നടത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം കെ.ടി.ജലീല്‍ വാദിച്ചിരുന്നത്. ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഹജ് ഹൗസിലെ നിയമനങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടുപിറകെ മലപ്പുറം എടക്കര സ്വദേശിനിയെ ക്ലര്‍ക്കിന്റെ ഒഴിവില്‍ താല്‍കാലിക അടിസ്ഥാനത്തില്‍ നിയമിച്ചു. അപേക്ഷ പോലും ക്ഷണിക്കാതെയാണ് സി.പി.എമ്മിന്റെ മുന്‍ പഞ്ചായത്തംഗം കൂടിയായിട്ടുള്ള യുവതിയെ നിയമിച്ചത്. ഹജ് കമ്മിറ്റിയുടെ എക്ലിക്യൂട്ടീവ് ഓഫിസറായ മലപ്പുറം ജില്ലാ കലക്ടറാണ് നിയമനം നടത്തിയതെന്നായിരുന്നു വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ വാദം.എന്നാല്‍ ഹജ് കമ്മിറ്റിയുടെ രണ്ടു യോഗങ്ങളില്‍ ഇക്കാര്യം ഉന്നയിച്ചപ്പോള്‍ മന്ത്രിയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് നിയമനമെന്ന മറുപടിയാണ് കിട്ടിയതെന്ന് മുന്‍ അംഗം എ.കെ. അബ്ദുറഹ്മാന്‍ ആരോപിച്ചു. ഇതേ സമയം ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു ടി.കെ അദീബ് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു.
ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് അദീബിന്റെ രാജിക്കത്തില്‍ പറയുന്നു.