ആലപ്പുഴയിൽ എന്‍.എസ്.എസ് മന്ദിരത്തില്‍ കരിങ്കൊടിയും റീത്തും
റീത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്ക് ആദരാഞ്ജലികള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്
നൂറനാട് കുടശ്ശനാട് എന്‍.എസ്.എസ് കരയോഗത്തിന് മുന്നിലും എന്‍.എസ്.എസ് ഹൈസ്‌കൂളിന് മുന്നിലെ കൊടിമരത്തിലും അജ്ഞാതര്‍ കരിങ്കൊടി പതിച്ചു.ഇവിടെ സമീപത്തായി റീത്തും വെച്ചിട്ടുണ്ട്. റീത്തില്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ക്ക് ആദരാഞ്ജലികള്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് എന്‍.എസ്.എസ് പ്രാദേശിക നേതൃത്വം പോലീസില്‍ പരാതി നല്‍കി.നേരത്തെ കോട്ടയത്തും തിരുവനന്തപുരത്തും സമാനമായ രീതിയില്‍ എന്‍.എസ്.എസ് കരയോഗ ഓഫീസുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ആ സമയത്ത് തന്നെ എന്‍.എസ്.എസ് നേതൃത്വം ശബരിമല വിഷയത്തില്‍ തങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണമാണെന്നും ഇതിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമാനമായ ആക്രമണം ആലപ്പുഴയിലും നടന്നത്.സംഭവത്തിനെതിരെ കുടശ്ശനാട് എന്‍.എസ്.എസ് നേതൃത്വത്തില്‍ പ്രതിഷേധ യോഗം ചേരും. സാമൂഹിക വിരുദ്ധരാണ് ഇതിന് പിന്നിലെന്നാണ് പോലീസ് നിലപാട്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് പരിശോധിക്കുന്നുണ്ട്.