കേരളത്തിന് വേണ്ടി മസ്കറ്റിൽ ഒരു കേരള കാർ ഓടുന്നു
പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈതാങ്ങാവാൻ വ്യത്യസ്തമായി പ്രവർത്തിച്ച് ആലപ്പുഴ പുന്നപ്ര സ്വദേശിയായ പ്രവാസി മലയാളി ഹബീബ് .
പ്രളയത്തിന് കൈതാങ്ങാവാൻ തന്റെ കാറിൽ വെള്ളപ്പൊക്കത്തിന്റെ ദുരിതങ്ങൾ വിളിച്ചോതുന്ന സ്റ്റിക്കറൊട്ടിച്ചാണ് മസ്കറ്റ് നിരത്തിലൂടെ ഹബീബ് യാത്ര ചെയ്യുന്നത്.മത്സ്യത്തൊഴിലാളികളെ അഭിനന്ദിക്കുന്ന തരത്തിലുള്ള സ്റ്റിക്കറുകളും ഇതിലുണ്ട്. ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുമുളള ആഹ്വാനവും. മത്സ്യത്തൊഴിലാളികളെ ഹീറോകൾ എന്നാണ് ഹബീബ് വിശേഷിപ്പിക്കുന്നത്.
ഒമാനിൽ താമസിക്കുന്ന ഹബീബ് തനിക്ക് സാധിക്കുന്ന വിധത്തിൽ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ആളാണ്. തന്റെ നാടിന്റെ അതിജീവനത്തിന് തനിക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നു എന്നാണ് ഹബീബിന്റെ വാക്കുകൾ.കടലുകൾക്കപ്പുറത്തിരുന്ന് കേരളത്തിന്റെ ദുരിതം കണ്ട മലയാളികളെല്ലാവരും ഈ കാറിന് ചുറ്റും ഓടിക്കൂടി. സംഭവം അറിഞ്ഞപ്പോൾ സഹായിക്കാൻ തയ്യാറായി.
പതിനാല് ദിവസത്തെ പ്രയജ്ഞത്തിനൊടുവിലാണ് ഇത്തരത്തിൽ യാത്ര ചെയ്യാനുള്ള അനുമതി ഒമാനിലെ അധികൃതരിൽ നിന്ന് നേടിയെടുത്തത്. വാഹനം തടഞ്ഞ ട്രാഫിക് പൊലീസുകാർ വരെ കേരളത്തിന്റെ ദുരിതം ചോദിച്ചറിഞ്ഞ് സഹായിക്കാൻ തയ്യാറായി എന്ന് ഹബീബ് പറയുന്നു. അവരിൽ വളരെ നല്ല സഹകരണമാണ് ലഭിച്ചത്. ജോലി സംബന്ധമായി നടത്തുന്ന യാത്രകളെല്ലാം ഇനി ഈ കാറിലായിരിക്കുമെന്നും ഹബീബ് പറഞ്ഞു.