പടുവൃദ്ധന്മാര്‍ പടിക്ക് പുറത്ത്
കേരളത്തിലെ കോണ്‍ഗ്രസ് തലമൂത്തപ്പന്മാര്‍ക്ക് തലവേദനയായി യുവ നേതൃത്വം രംഗത്ത്
കോണ്‍ഗ്രസ് പുനഃസംഘടന പടിവാതില്‍ക്കല്‍ നില്‍ക്കെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി യുവ നേതാക്കന്‍മാരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും തൃത്താല എം.എല്‍.എ വി.ടി ബല്‍റാമുമാണ് പാര്‍ട്ടി നേതൃത്വത്തിനു തലവേദന സൃഷ്ടിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്ഥാനമാനങ്ങള്‍ തറവാട്ടു വകയോ ഫിക്‌സഡ് ഡെപ്പോസിറ്റോ അല്ല എന്നു പറഞ്ഞു ഷാഫി പറമ്പില്‍ കേരളത്തിലെ നേതൃത്വനിരയെ ഉന്നംവെക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെടേണ്ട നേതാക്കളുടെ പട്ടികയുമായാണ് വി ടി ബല്‍റാംഎത്തിയിരിക്കുന്നത്.കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോവരുത്. യുവത്വത്തിന്റെ പ്രസരിപ്പില്‍ വിളിച്ചിരുന്ന മുദ്രാവാക്യങ്ങള്‍ മറക്കരുത്.നിങ്ങള്‍ക്കു ശേഷവും കോണ്‍ഗ്രസ് ഈ നാടിന്റെ ആവശ്യമാണെന്ന് ഷാഫി പറമ്പില്‍ പറയുന്നു.കേരളത്തിലെ കോണ്‍ഗ്രസില്‍ അടിമുടി മാറ്റമുണ്ടാകേണ്ട സമയം സമാഗതമായിരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല, പാര്‍ട്ടിയെ പുറത്തുനിന്ന് പ്രതീക്ഷാപൂര്‍വ്വം ഉറ്റുനോക്കുന്ന പൊതുസമൂഹവും ഈ വികാരമാണ് പങ്കുവെക്കുന്നത്. നേതൃത്ത്വത്തിലുള്ള വ്യക്തികളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയുടേയും രാഷ്ട്രീയ മുന്‍ഗണനകളുടേയും, സമീപന രീതികളുടേയും സമൂഹവുമായുള്ള ആശയ വിനിമയത്തിന്റേയുമൊക്കെ കാര്യങ്ങളില്‍ സമഗ്രമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വി ടി ബല്‍റാം ഓര്‍മിപ്പിക്കുന്നു.രാജ്യസഭയെ വൃദ്ധസദനമാക്കരുതെന്ന യുവനിരയുടെ ആവശ്യത്തെ നേതൃത്വം എങ്ങനെ പരിഗണിക്കുമെന്ന്‍ കാത്തിരുന്ന്‍ കാണാം