ബിയറും ബുദ്ധനും ...!!
ബിയര്‍ കുപ്പികള്‍ കൊണ്ടൊരു ബുദ്ധക്ഷേത്രം
തായ്‌ലാന്‍ഡിലെ ബുദ്ധസന്യാസികള്‍ പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഉപയോഗശൂന്യമായ ബിയര്‍ കുപ്പികള്‍ കൊണ്ട് ഒരുക്ഷേത്രം തന്നെ നിര്‍മിച്ചു.തായ്‌ലാന്‍ഡിലെ സിസാകെറ്റ് പ്രവിശ്യയിലെ ഖുന്‍ ഹാന്‍ ജില്ലയിലാണ് വാറ്റ് പാ മാഹാ ഛേദി കയേവ് എന്ന ബുദ്ധക്ഷേത്രമുള്ളത്.പത്ത് ലക്ഷത്തിലേറെ ബിയര്‍ കുപ്പികളാണ് ക്ഷേത്രനിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.ചാങ് എന്ന പ്രാദേശിക ബിയറിന്റേയും ഹെയ്ന്‍കെന്‍ എന്ന ബിയറിന്റേയും ബോട്ടിലുകളാണ് ഇതില്‍ ഏറിയപങ്കും.1984-ല്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ പുനരുപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കാനും ഭൂമി വൃത്തിയായി സൂക്ഷിക്കുന്നതിന്റേയും ഭാഗമായി ബുദ്ധസന്യാസികള്‍ തുടങ്ങിയ പദ്ധതിയാണ് ഒരു ക്ഷേത്രമായി മാറിയത്.കുപ്പികള്‍ അവര്‍ ചുവരില്‍ സിമന്റിനൊപ്പം ഒട്ടിച്ചുവച്ചു. അവയുടെ അടപ്പുകള്‍ ടൈലുകള്‍ക്ക് പകരം നിലത്ത് പാകി ഭംഗിയാക്കി.ക്ഷേത്രം മാത്രമല്ല; ശ്മശാനം, വിശ്രമകേന്ദ്രങ്ങള്‍, എന്തിന് ശൗചാലയങ്ങള്‍ വരെ അവര്‍ ഇതിന് തുടര്‍ച്ചയായുണ്ടാക്കി. എല്ലാം കുപ്പികള്‍ ഉപയോഗിച്ച് തന്നെ. ക്ഷേത്രനിര്‍മാണം പൂര്‍ത്തിയായെന്നു കരുതി മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ പദ്ധതി ബുദ്ധസന്യാസിമാര്‍ ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. ശേഖരിച്ച് പുനരുപയോഗിക്കുന്ന പതിവ് അവര്‍ ഇന്നും തുടരുന്നു.