ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. 135 റണ്‍സിനാണ് ഇന്ത്യ ആഫ്രിക്കന്‍ കരുത്തിനു മുന്നില്‍ മുട്ടു മടക്കിയത്. ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി 72 റണ്‍സിനായിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ആതിഥേയര്‍ ഉറപ്പാക്കി. മൂന്നാം ടെസ്റ്റ് ജൊഹന്നാസ്ബര്‍ഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ജനുവരി 24ന് ആരംഭിക്കും. 12.2 ഓവറില്‍ 3 മേഡിനടക്കം 39 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ എന്‍ഗിഡിയാണ് ഇന്ത്യയെ തകര്‍ത്തത്. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയില്‍ അവസാനദിവസം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി കിട്ടികൊണ്ടിരുന്നു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് കൃത്യമായി വീണതോടെ പിടിച്ചു നില്‍ക്കാനാകാതെ ഇന്ത്യ തോല്‍വിയിലേക്ക് ഊര്‍ന്നു വീഴുകയായിരുന്നു.