സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ക്കിടെ മുതിര്‍ന്ന ജഡ്ജിമാര്‍ മാധ്യമങ്ങളെ കണ്ട സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ കോടതി നടപടികള്‍ നിര്‍ത്തിവച്ച് പുറത്തുവരികയും മാധ്യമങ്ങളെ കാണുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണിത്. ജസ്റ്റിസ് ചെലമേശ്വറിന്റെ വസതിയില്‍ വച്ച് മാധ്യമങ്ങളെ കണ്ട നാല് ജഡ്ജിമാരും മാസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തും മാധ്യമങ്ങളെ കാണിച്ചു. ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് സര്‍ക്കാരും കോടതിയും വടംവലി തുടരുന്ന സാഹചര്യത്തിലാണ് കൊളീജിയത്തിനെതിരെ ആരോപണവുമായി ജഡ്ജിമാര്‍ രംഗത്തെത്തുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി പ്രശ്നങ്ങള്‍ വിവരിക്കുന്നത്.