നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷിയായി സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നാല് ജഡ്ജിമാര്‍ കോടതി നിര്‍ത്തിവെച്ച് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ക്കുകയായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ഏജന്‍സിയായ കൊളീജിയത്തിലെ പ്രതിഷേധം പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങിയതോടെയാണ് ജഡ‍്ജിമാര്‍ കോടതിയില്‍ നിന്നിറങ്ങി വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തത്. കൊളീജിയത്തിലെ അംഗങ്ങളായ ജസ്റ്റിസ് ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പുറമേ നാല് ജഡ്ജിമാര്‍ കൂടി ഉള്‍പ്പെട്ടതാണ് കൊളീജിയം.
സുപ്രീം കോടതി ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഞങ്ങള്‍ നിശബ്ദരായിരുന്നെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ചെലമേശ്വര്‍ ചൂണ്ടിക്കാണിക്കുന്നു. കോടതിയുടെ പ്രവര്‍ത്തനം സുതാര്യമല്ലെങ്കില്‍ ജനാധിപത്യ സംവിധാനം തകരുമെന്നും ചെലമേശ്വര്‍ പറയുന്നു. കൊളീജിയത്തില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സ്വീകരിച്ച നിലപാടിനെതിരെയാണ് കൊളീജിയത്തില്‍ പ്രതിഷേധമുയര്‍ന്നത്.