സംസ്ഥാന സ്കൂൾ യുവജനോത്സവം - വീണ്ടും കോഴിക്കോട് തന്നെ ജേതാക്കൾ

2018-01-10 239

58-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം. തുടർച്ചയായ 12-ാം തവണയാണ് കോഴിക്കോട് കലാകിരീടം ചൂടുന്നത്. 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടത്തിൽ മുത്തമിട്ടത്. വെറും രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ(893) പാലക്കാട് രണ്ടാം സ്ഥാനത്തെത്തി. 875 പോയിന്റ് നേടിയ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. ആതിഥേയരായ തൃശൂർ 865 പോയിന്റ് നേട് അഞ്ചാമതെത്തി. പൂരനഗരിയിൽ വിരുന്നെത്തിയ കലാമാമാങ്കത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് കിരീടം നിലനിർത്തിയത്. ആദ്യദിവസം മുതൽ കോഴിക്കോട് തന്നെയായിരുന്നു പോയിന്റ് പട്ടികയിൽ മുന്നിട്ട് നിന്നതെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറാല്ലെന്ന മട്ടിൽ പാലക്കാടും തൊട്ടുപിന്നിലുണ്ടായിരുന്നു. കോഴിക്കോടിന് വേണ്ടി സിൽവർ ഹിൽസ് ഹയർസെക്കന്ററി സ്കൂളും, പാലക്കാടിന് വേണ്ടി ആലത്തൂർ ബിഎസ്എസ് ഗുരുകുലം സ്കൂളുമാണ് കൂടുതൽ പോയിന്റുകൾ നേടിയത്. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച സ്കൂൾ കലോത്സവമായിരുന്നു ഇത്തവണത്തേത്. ശക്തന്റെ മണ്ണിൽ കലാവിസ്മയത്തിന് കേളികൊട്ടുയർന്നപ്പോൾ പ്ലാസ്റ്റിക്കിനെ പൂർണ്ണമായും പടിക്ക് പുറത്തുനിർത്തി. പേപ്പർ പേനകളും കൂജകളും കലോത്സവ വേദികളിലിടം പിടിച്ചു. എന്നാൽ മിക്ക മത്സരങ്ങളും വൈകിയാരംഭിച്ചത് മത്സരാർത്ഥികളെ കുഴപ്പിച്ചു. ഒപ്പന വേദിയിൽ മണവാട്ടിമാർ തലകറങ്ങിവീണ സംഭവവുമുണ്ടായി. ഇതിനെല്ലാം പുറമേ വ്യാജ അപ്പീലുകൾ വഴി മത്സരിക്കാനെത്തിയെന്ന വാർത്തയും കലോത്സവത്തിന് നാണക്കേടായി. വിജിലൻസ് പരിശോധനയിൽ പത്തോളം വ്യാജ അപ്പീലുകളാണ് കണ്ടെത്തിയത്.


Videos similaires