ഡിസംബര്‍ 31ന് ബംഗളൂരുവിനെതിരേ കേരളം അണിനിരക്കുമ്പോള്‍ അവരുടെ നാലു മുന്‍താരങ്ങള്‍ മഞ്ഞ ജഴ്‌സിയിലുണ്ടാവും. മലയാളി താരം സി കെ വിനീതാണ് ഫോര്‍ മെന്‍ ആര്‍മിയിലെ ഒരാള്‍.
ബ്ലാസ്‌റ്റേഴ്‌സിന്റെ നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സന്ദേഷ് ജിങ്കനും ബംഗളൂരുവിനായി കളിച്ചിട്ടുണ്ടെന്ന് അധികപേര്‍ക്കും അറിയില്ല. മലയാളി ഡിഫന്‍ഡര്‍ റിനോ ആന്റോ, സിയാം ഹംഗല്‍ എന്നിവരും ബംഗളൂരുവിന്റെ മുന്‍ കളിക്കാരാണ്. ഐ ലീഗില്‍ നിരവധി മല്‍സരങ്ങൡ ബംഗളൂരുവിന്റെ നീല ജഴ്‌സിയണിഞ്ഞവരാണ് ഇത്തവണ മഞ്ഞ ജഴ്‌സിയില്‍ ഇറങ്ങുന്നത്. പുതുവര്‍ഷത്തലേന്ന് ഐഎസ്എല്ലില്‍ കരുത്തരായ ബംഗളൂരു എഫ്‌സിയെ നേരിടാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പടയൊരുക്കം തുടങ്ങി. ഹോംഗ്രൗണ്ടായ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ബ്ലാസ്റ്റേഴ്‌സും ബംഗളൂരുവും കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ എവേ മല്‍സരത്തില്‍ മുന്‍ ഐഎസ്എല്‍ ചാംപ്യന്‍മാരായ ചെന്നൈയ്ന്‍ എഫ്‌സിയെ 1-1ന് തളച്ച ശേഷമാണ് മഞ്ഞപ്പട വീണ്ടുമൊരിക്കല്‍ കൂടി സ്വന്തം വീട്ടുമുറ്റത്തെത്തുന്നത്. ചെന്നൈക്കെതിരേ അവസാന മിനിറ്റില്‍ പൊരുതി നേടിയ സമനിലയില്‍ പ്രചോദനമുള്‍ക്കൊണ്ടാവും മുന്‍ ഐ ലീഗ് ജേതാക്കള്‍ കൂടിയായ ബംഗളൂരുവിനെതിരേ മഞ്ഞപ്പട കച്ചമുറുക്കുന്നത്. ബംഗളൂരുവിന്റെ കന്നി ഐഎസ്എല്‍ സീസണ്‍ കൂടിയാണിത്.