അമേരിക്ക വേണ്ട, റഷ്യയുടെയും ചൈനയുടെയും സഹായം തേടി ഫലസ്തീന്‍

2017-12-20 180

ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് നിലവില്‍ ചുക്കാന്‍ പിടിക്കുന്നത് അമേരിക്കയാണ്. പക്ഷേ, തീര്‍ത്തും പക്ഷപാതപരമായ സമീപനമാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ചത്. ഇസ്രായേലിന്റെ നിലപാടുകളെ ശരിവച്ചുകൊണ്ട് ജറുസലേം ഇസ്രായേല്‍ തലസ്ഥമായി അമേരിക്കന്‍ പ്രസിഡന്റ് അംഗീകരിച്ചു. ഇനിയും പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്ക നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് മുസ്ലിം നേതാക്കളുടെ നിലപാട്. അതു തന്നെയാണ് അമേരിക്കയെ കൈവിട്ട് മറ്റു വഴികള്‍ തേടാന്‍ ഫലസ്തീന്‍ നേതാക്കളെ നിര്‍ബന്ധിച്ചിരിക്കുന്നത്. റഷ്യയും ചൈനയും തങ്ങളുടെ വിഷയത്തില്‍ ഇടപെടണമെന്നാണ് ഫലസ്തീന്റെ ആവശ്യം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇരുരാജ്യങ്ങളിലേക്കും ഫലസ്തീന്‍ പ്രതിനിധികള്‍ പുറപ്പെട്ടു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നിര്‍ദേശ പ്രകാരമാണ് പ്രതിനിധികള്‍ ചൈനയിലേക്കും റഷ്യയിലേക്കും പോയിട്ടുള്ളത്. ഇസ്രായേലുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളോടും സഹായമഭ്യര്‍ഥിക്കുകയാണ് ഫലസ്തീന്‍ സംഘത്തിന്റെ ലക്ഷ്യം. മോസ്‌കോയിലെത്തിയ പ്രതിനിധി സംഘത്തിലെ സാലിഹ് റഅഫാത്ത് ഇക്കാര്യം ശരിവയ്ക്കുകയും ചെയ്തു.