BJP Aims At Karnataka
ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും അധികാരം ഉറപ്പിച്ചതിന് പിന്നാലെ കർണാടക പിടിക്കാനുള്ള പദ്ധതികളുമായി ബിജെപി. കോണ്‍ഗ്രസ് ഭരിക്കുന്ന കർണാടക അടുത്ത വർഷം തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. അതിനുള്ള പദ്ധതികളാണ് ബിജെപി ക്യാംപില്‍ ഒരുങ്ങുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നാണ് റിപ്പോർട്ട്. അതേസമയം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ കർണാടക കോൺഗ്രസിനും നിർണ്ണായകമാണ്. ബിജെപിയുടെ കോട്ടയായിരുന്ന ഗുജറാത്തിൽ കോൺഗ്രസിന് ചില ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കർണാടകയിൽ കോൺഗ്രസിന് നല്ല പ്രതീക്ഷയുമുണ്ട്. കർണാടകത്തിൽ ത്രികോണ പോരാട്ടത്തിനായിരിക്കും വേദിയൊരുങ്ങുന്നത്. ബിജെപിയും കോൺഗ്രസുമാണ് പ്രബല കക്ഷികളെങ്കിലും ജനതാദൾ-എസിനെ അവഗണിക്കാനാകില്ല. 2013ൽ നടന്ന തിരഞ്ഞെടുപ്പിൽ 40 സീറ്റുകൾ ജനതാദൾ-എസ് നേടിയിരുന്നു. ഇവരുടെ നിലപാടും തിരഞ്ഞെടുപ്പിൽ നിർണ്ണായകമാണ്.