കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കുന്നു. ഇതു സംബന്ധമായ ഫയൽ നിയമമന്ത്രാലയത്തിനു കൈമാറിയതായി പരിസ്ഥിതി മന്ത്രാലയത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് വിവാദ ഉത്തരവ് പിൻവലിക്കുന്നത്. മെയ് 23 നാണ് കേന്ദ്ര സർക്കാർ വിവാദ ഉത്തരവ് പുറത്തിറക്കിയത്. 1960ലെ പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റിടു അനിമല്‍സ് ആക്‌ട് പ്രകാരം കാള, പശു, പോത്ത്, ഒട്ടകം എന്നീ മൃഗങ്ങളെ കശാപ്പിനായി ഉപയോഗിക്കാൻ പാടില്ല. തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് കേന്ദ്ര സര്‍ക്കാരിന് നേരിടേണ്ടി വന്നത്. വിജ്ഞാപനം പിന്നീട് സുപ്രീംകോടതി സ്റ്റേ ചെയ്തു. തുടര്‍ന്ന്, കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി. കേരളം, പശ്ചിമ ബംഗാള്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ അതിരൂക്ഷമായ ഭാഷയിലാണ് കേന്ദ്രത്തിന് മറുപടി നല്‍കിയത്. സംസ്ഥാനങ്ങളുടെ അധികാരപരിധിയിലേക്കുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ നടപടിയെന്നായിരുന്നു കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വാദം.