Actress Case; Investigation Team Approach Government
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സര്‍ക്കാരിനെ സമീപിക്കും. സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കാനും അന്വേഷണസംഘം തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് കേസിലെ അനുബന്ധ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. 12 പ്രതികളുള്ള കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. കേസിന്റെ വിചാരണ എത്രയും പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി വേണമെന്നതാണ് അന്വേഷണസംഘം മുന്നോട്ട് വയ്ക്കുന്ന മുഖ്യ ആവശ്യം. ഇക്കാര്യമാവും സര്‍ക്കാരിനു നല്‍കുന്ന അപേക്ഷയില്‍ അന്വേഷണസംഘം ആവശ്യപ്പെടുക. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്ത് സര്‍ക്കാര്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കുമെന്നാണ് സൂചന. വിചാരണ വൈകുകയാണെങ്കില്‍ നിരവധി സാക്ഷികള്‍ കൂറുമാറാനുള്ള സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ച കാര്യവും അന്വേഷണസംഘം സര്‍ക്കാരിനെ ബോധ്യപ്പെടുത്തും. കുറ്റപത്രം നല്‍കുന്നതിനു മുമ്പ് തന്നെ ചില സാക്ഷികള്‍ കൂറുമാറിയ കാര്യവും അന്വേഷണസംഘം ചൂണ്ടിക്കാട്ടും.