ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച നടത്തിയ ആറംഗ സംഘത്തെ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പിടികൂടിയ ദുബായ് പൊലീസിന് അഭിനന്ദനപ്രവാഹം.
ദെയ്റ നായിഫിലെ ജുവല്ലറിയില്‍ നിന്ന് 20 ലക്ഷം ദിര്‍ഹത്തിന്‍റെ സ്വര്‍ണണാണ് സംഘം അടിച്ച് മാറ്റിയത്. മോഷണത്തിന്‍റെയും പ്രതികളെ പിടികൂടുന്നതിന്‍റെയും ദൃശ്യങ്ങള്‍ ദുബായ് പൊലീസ് പുറത്തുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു മോഷണം. ആദ്യം ഒരാള്‍ എത്തി ജുവലറിയുടെ പൂട്ട് തകര്‍ത്തു. നിമിഷങ്ങള്‍ക്കകം തന്നെ സംഘാംഗങ്ങള്‍ പാഞ്ഞെത്തി ജുവലറിക്ക് അകത്തേക്ക് കയറുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഹോളിവുഡ് സിനിമകളെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലായിരുന്നു ദെയ്റയിലെ ജുവലറില്‍ നടന്ന മോഷണവും മോഷ്ടാക്കളെ പൊലീസ് പിടികൂടിയ രീതിയും.
വെറും 31 സെക്കന്‍ഡ് കൊണ്ട് മോഷ്ടാക്കള് ജുവലറിയിലുണ്ടായിരുന്ന സ്വര്‍ണം കൈക്കലാക്കി പുറത്ത് കടന്നു. അതിവിദഗ്ദമായും സ്ഥലത്തിന്‍റെ പ്രത്യേകതകള്‍ പഠിച്ചുമായിരുന്നു മോഷണം. ശാസ്ത്രീയമായ രീതിയില്‍ അന്വഷണം നടത്തിയ ദുബായി പൊലീസ് അന്നു രാത്രി തന്നെ പ്രതികളെ പിടികൂടി. ഇന്‍റര്‍നാഷനല്‍ സിറ്റിയില്‍ ചൈനക്കാരുടെ താമസകേന്ദ്രത്തില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്.
പ്രതികള്‍ക്ക് രക്ഷപെടാന്‍ യാതൊരു പഴുതും നല്‍കാതെ നിമിഷങ്ങള്‍ കൊണ്ട് ദുബായ് പൊലീസിന്‍റെ സ്പെഷല്‍ ആക്ഷന്‍ ടീം ദൗത്യം പൂര്‍ത്തിയാക്കി. മോഷ്ടിച്ച സ്വര്‍ണം മുഴുവന്‍ ഇവരില്‍ നിന്ന് തിരിച്ച് പിടിച്ചു.